ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമയ്ക്കെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകി സിപിഐ നേതാവ് ആനി രാജ. ബിജെപി അസം ഘടകത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ച 'പോയിന്റ് ബ്ലാങ്ക്' വിവാദ വീഡിയോ വിദ്വേഷം പടർത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമനടപടി.
മുഖ്യമന്ത്രി തോക്കെടുത്ത് നിറയൊഴിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്ന വീഡിയോ ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യം വെക്കുന്നതാണെന്നും ഇത് വർഗീയ ധ്രുവീകരണത്തിന് ഇടയാക്കുമെന്നും ഹർജിയിൽ ആരോപിക്കുന്നു. വിദ്വേഷ പ്രസംഗങ്ങൾക്കെതിരായ സുപ്രീംകോടതിയുടെ മുൻ ഉത്തരവുകളുടെ ലംഘനമാണ് ഈ വീഡിയോയെന്ന് ആനി രാജ ചൂണ്ടിക്കാട്ടി.
വിദ്വേഷം പടർത്തുന്ന വീഡിയോ നീക്കം ചെയ്യണമെന്നും മുഖ്യമന്ത്രിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നുമാണ് പ്രധാന ആവശ്യം.